ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍: കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി



ഷാരൂഖ് ഖാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം കിംഗിന്‍റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍റെ 60-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 1.11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം പകരുന്നതാവും ഈ ചിത്രമെന്ന വിശേഷണമുണ്ട്. ഷാരൂഖ് ഖാന് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ആണ് ഈ ചിത്രത്തിന്‍റെയും സംവിധായകന്‍. ചിത്രത്തിന്‍റെ രചനയിലും നിര്‍മ്മാണത്തിലും സിദ്ധാര്‍ഥ് ആനന്ദിന് പങ്കാളിത്തമുണ്ട്.

ഷാരൂഖിന്‍റെ നായക കഥാപാത്രത്തിന്‍റെ വോയ്സ് ഓവറിലൂടെയാണ് ടൈറ്റില്‍ റിവീല്‍ ടീസര്‍ അവതരിപ്പിക്കപ്പെടുന്നത്. എത്ര കൊലകള്‍ ചെയ്തുവെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നില്ല. അവന്‍ നല്ലവരാണോ മോശം ആളുകളാണോ എന്ന് ഞാന്‍ ഒരിക്കലും ചോദിച്ചില്ല. അവരുടെ കണ്ണുകളില്‍ ഒരു തിരിച്ചറിവ് മാത്രം ഞാന്‍ കണ്ടു. ഇത് അവരുടെ അവസാന ശ്വാസമാണെന്ന തിരിച്ചറിവ്, അതിന് കാരണം ഞാന്‍ ആയിരുന്നു, എന്നാണ് കഥാപാത്രത്തിന്‍റെ ഡയലോഗ്. ഇതില്‍ നിന്ന് ചിത്രത്തിലെ വമ്പന്‍ അധോലോക പശ്ചാത്തലത്തിന്‍റെ സൂചന സംവിധായകന്‍ തരുന്നുണ്ട്.

ഒരു പുതിയ ഷാരൂഖ് ഖാന്‍ അനുഭവം തരുന്ന ചിത്രമെന്ന വിശേഷണത്തിനൊപ്പം അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നതും. സില്‍വര്‍ കളര്‍ ചെയ്തിരിക്കുന്ന മുടിയും കൂളിംഗ് ഗ്ലാസും സ്റ്റൈലിഷ് കോസ്റ്റ്യൂമും ഒക്കെയായാണ് കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്. 2026 ലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. പഠാന് ശേഷം ഷാരൂഖ് ഖാനും സിദ്ധാര്‍ഥ് ആനന്ദും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം വലിയ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് കിം​ഗ്. 2023 ല്‍ പുറത്തെത്തിയ മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം (പഠാന്‍, ജവാന്‍, ഡങ്കി) ഷാരൂഖ് ഖാന്‍റേതായി ഒരു ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതിനാല്‍ത്തന്നെ മൂന്നാം വര്‍ഷം എത്തുന്ന കിം​ഗിനുവേണ്ടിയുള്ള കാത്തിരിപ്പ് ആരാധകര്‍ക്കിടയില്‍ കൂടുതലുമാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال