തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി


ഇടുക്കി: തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി. തൊടുപുഴ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ആദിത്യന്‍ ബൈജുവിന്റെ പക്കല്‍ നിന്നും രക്തസമ്മര്‍ദം കുറവുള്ളവര്‍ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധിച്ച് മരുന്നുകള്‍ പിടിച്ചെടുത്തു.

ഏകദേശം, 50,850 രൂപ വിലവരുന്ന, 150 വയല്‍ ഇന്‍ജക്ഷന്‍ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഓണ്‍ലൈന്‍ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എടുത്ത ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.

എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ സന്തോഷ് മാത്യുവിന്റെ നിര്‍ദേശത്തില്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഇന്റലിജന്‍സ്, കെ.ആര്‍. നവീന്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ മരുന്ന് ഉപയോഗിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال