സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക്


ദില്ലി: സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ 11.30ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്. കണ്ണൻ ഗോപിനാഥൻ ഐഎഎസ് ഉപേക്ഷിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കണ്ണൻ ഗോപിനാഥന്‍റെ വരവ് ശക്തിപകരുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തൽ. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു. 

നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഒരോ നയങ്ങള്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേന്ദ്രത്തിന്‍റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം. തുടര്‍ന്ന് ദാദ്ര നാഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറി പദവി രാജിവെച്ച് രാജ്യത്തുടനീളം സഞ്ചരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ നടപ്പാക്കിയ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال