മാവേലിക്കരയിൽ ബസുകള്‍ക്ക് ഇടയില്‍പെട്ട് എസ്ബിഐ മുൻ മാനേജർക്ക് ദാരുണാന്ത്യം


മാവേലിക്കര: മുന്‍പിലും പിന്നിലുമായി പോയ ബസുകള്‍ക്ക് ഇടയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. എസ്ബിഐ കറ്റാനം ശാഖ മുന്‍ മാനേജര്‍ കറ്റാനം കരിപ്പോലിവിളയില്‍ എദന്‍സില്‍ റോബിന്‍ കോശി വര്‍ഗീസ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30 ഓടെ പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. 

കെ.എസ്.ആര്‍.ടി.സി എറണാകുളം-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിനും തിരുവല്ല-കായംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനും ഇടയില്‍ പെട്ടാണ് അപകടം. മൂന്ന് വാഹനങ്ങളും മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന് റോബിനും ബ്രേക്ക് പിടിച്ചു. തുടർന്ന് പിന്നില്‍ വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

റോബിന്‍റെ ഹെല്‍മെറ്റ് സ്വകാര്യ ബസിന്‍റെ റേഡിയേറ്ററിന് മുന്‍പിലെ എയര്‍വെന്റില്‍ തുളച്ചുകയറി ഇരിക്കുന്ന നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റോബിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്ബിഐയില്‍ നിന്നും വോളന്‍ററി റിട്ടയര്‍മെന്‍റ് എടുത്ത റോബിന്‍ കൊച്ചിക്കലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയും വിവിധ പ്രൊജക്ട് വര്‍ക്കുകള്‍ ചെയ്തുവരികയുമായിരുന്നു. കെ.പി വര്‍ഗീസ് - സുസന്‍ വര്‍ഗീസ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. സ്‌നേഹ ജി തോമസ്. മക്കള്‍: എദന്‍ റോബിന്‍, എഡ്വിന്‍ റോബിന്‍. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال