ആലപ്പുഴ: ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്. 72 വയസായിരുന്നു. കായംകുളം കാക്കനാട് - കാങ്കാലിൽ റോഡിലായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ ബന്ധുവിനൊപ്പം ബൈക്കിൽ പോകവേ റോഡിലെ കുഴിയിൽ വീണിരുന്നു തുളസി. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കായംകുളം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി എന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് യു പ്രതിഭ എംഎൽഎ നടത്തിയിരുന്നു.