ആലപ്പുഴ: എംഡിഎംഎ കേസിൽ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നിൽ 3 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അമ്മയും മകനും ഒന്നിച്ചാണ് പലപ്പോഴും മയക്കുമരുന്ന് വാങ്ങാൻ പോയിരുന്നത്. ജില്ലാ ലഹരി വിരുദ്ധ ടീം മാസങ്ങളായി ഇവരെ നിരീക്ഷിച്ച ശേഷമാണ് ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്. വീട്ടിൽ വളർത്തു പട്ടികളും സി.സി.ടി.വി.യും ഉണ്ടായിരുന്നത് പലപ്പോഴും പോലീസിൻ്റെ നിരീക്ഷണം ഇവർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
മാസത്തിൽ പലതവണ എറണാകുളം ഭാഗത്ത് പോയി ലഹരിവസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4000-5000 രൂപയ്ക്കാണ് വിറ്റിരുന്നത്. സത്യമോൾ കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കീലായി ജോലി ചെയ്യുകയായിരുന്നു. കാറിൽ വക്കീലിന്റെ എംബ്ലം പതിച്ചാണ് പലപ്പോഴും പോലീസ് പരിശോധനയിൽ നിന്ന് ഇവർ രക്ഷപ്പെട്ടിരുന്നത്.
ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽ പുന്നപ്ര എസ്.ഐ. അരുൺ എസ്, സീനിയർ സി.പി.ഒ. മാരായ രാജേഷ്കുമാർ, അഭിലാഷ്, സി.പി.ഒ. മാരായ മുഹമ്മദ് സാഹിൽ, കാർത്തിക എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.