മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്


സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക നടപ്പാക്കുന്നതിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 3.30നാണ് യോഗം. നാളെ രാഷ്ട്രീയകക്ഷികളുമായും ചർച്ചയുണ്ട്. എസ്ഐആർ നടപടികളെ
എതിർക്കുമെന്ന് സിപിഐഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്നാണ് സിപിഐ എം നിലപാട്.

ഈ സമയത്ത് SIR നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. നാളത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കാനാണ് പാർട്ടികളുടെ നീക്കം. നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്.

അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് ആരംഭിക്കും. മൂന്നാം തീയതി വരെയാണ് പ്രിൻറ്റിംഗ്. അതിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും.

ഇന്നലെയാണ് കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. വിഗ്യാൻഭവനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ഇക്കാര്യം പ്രഖ്യാപിച്ചത്. കരട് പട്ടിക ഡിസംബർ 9 ന് നൽകും. 2026 ജനുവരി 8 വരെ അപേക്ഷകൾ നൽകാം. അന്തിമ പട്ടിക 2026 ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ.

അർഹരായ എല്ലാവരെയും ഉൾപ്പെടുത്താനാണ് വോട്ടർ പട്ടിക പരിഷ്കരണം എന്നാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. നവംബർ ആദ്യം മുതൽ ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ്‌ തെരഞ്ഞെടുപ്പ്‌കമീഷന്റെ പദ്ധതി. തദ്ദേശ തെരഞ്ഞെടുപ്പ്‌ നടക്കുന്ന, നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടികൾ കൂടി നടത്തുന്നത്‌ പ്രയാസകരമാകുമെന്നതിനാൽ അത്തരം സംസ്ഥാനങ്ങളിൽ പിന്നീടുള്ള ഘട്ടങ്ങളിലാകും എസ്‌ഐആർ നടപ്പാക്കുക. അതിനാൽ അസാമിനെ ഉൾപ്പെടുത്തിയിട്ടില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال