തിരുവനന്തപുരം: കാലവർഷത്തിൽ കേരളത്തിന് ചുറ്റുമുള്ള കടലിലുമായി കരയിലും രൂപപ്പെട്ടത് 18 ന്യൂനമർദ്ദങ്ങളായിരുന്നു എന്ന് കണക്ക്. ഇതാണ് ഇത്തവണത്തെ കാലവർഷത്തെ മെച്ചപ്പെട്ടതാക്കാൻ കാരണമായത്. കാലാവസ്ഥ വിഭാഗത്തിന്‍റെ കണക്ക് പ്രകാരം ജൂൺ മാസം മുതൽ സെപ്തംബർ മാസം വരെയുള്ള കാലവർഷ സീസണിൽ ബംഗാൾ ഉൾകടലിലും അറബികടലിലും കരയിലുമായി ഇത്തവണ രൂപപ്പെട്ടത് 18 ന്യുന മർദ്ദങ്ങളാണെന്ന് കാലാവസ്ഥ വിദഗ്ധനായ രാജീവ് എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇതിൽ 6 എണ്ണം തീവ്ര ന്യൂനമർദ്ദമായും ( Depression) ഒരെണ്ണം അതിതീവ്ര ന്യൂനമർദ്ദമായെന്നും ( Deep Depression) അദ്ദേഹം വിവരിച്ചു. സാധാരണ ഗതിയിൽ കാലവർഷ സീസണിൽ 15 ന്യൂനമർദ്ദങ്ങളാണ് രൂപപ്പെടാറുള്ളത്. ഇക്കുറി അധികമായി 3 എണ്ണം കൂടി രൂപപ്പെട്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കാലവർഷത്തിലെ 122 ൽ 69 ദിവസവും ന്യൂനമർദ്ദ ദിനങ്ങൾ
കാലവർഷത്തിലെ മൊത്തം 122 ൽ 69 ദിവസവും ന്യൂനമർദ്ദ ദിനങ്ങളായിരുന്നുവെന്നും കണക്കുകൾ പറയുന്നു. ജൂൺ മാസത്തിൽ 5 ന്യൂനമർദ്ദമാണ് രൂപപ്പെട്ടത്. ഇതിൽ 3 എണ്ണം നോർമൽ ന്യൂനമർദ്ദങ്ങളായിരുന്നു. ബംഗാൾ ഉൾക്കടലിലാണ് ജൂണിൽ 3 ന്യൂനമർദ്ദം രൂപപ്പെട്ടത്. ബാക്കി രണ്ടെണ്ണം അറബികടലിലായിരുന്നു രൂപപ്പെട്ടത്. ജൂലൈ മാസത്തിലും 5 ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിൽ 3 എണ്ണം നോർമലായിരുന്നു. ഓഗസ്റ്റിലാകട്ടെ 4 ന്യൂനമർദ്ദങ്ങളായിരുന്നു രൂപപ്പെട്ടത്. ബംഗാൾ ഉൾക്കടലിൽ 3 ഉം കരയിൽ ഒന്നുമാണ് രൂപപ്പെട്ടത്. ഓഗസ്റ്റിൽ ഒരു ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. സെപ്തംബറിലും 4 ന്യൂനമർദ്ദങ്ങളായിരുന്നു രൂപപ്പെട്ടത്. എല്ലാം ബംഗാൾ ഉൾക്കടലിലായിരുന്നു. ഇതിൽ ഒരെണ്ണം തീവ്ര ന്യൂനമർദ്ദവും ഒരെണ്ണം അതി തീവ്ര ന്യൂനമർദ്ദവുമായി ശക്തി പ്രാപിച്ചു. ഇത് കൂടാതെ ന്യൂനമർദ്ദങ്ങളായി മാറാത്ത ചക്രവാത ചുഴികളും ഇത്തവണ മികച്ച കാലവർഷം ലഭിക്കാൻ കാരണമായെന്ന് രാജീവ് എരിക്കുളം വിവരിച്ചു.
കാലവർഷത്തോട് വിട പറഞ്ഞ് കേരളം
സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയിൽ 13 ശതമാനം കുറവുണ്ടായതായി കണക്കുകൾ. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരമാണ് കേരളത്തിൽ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്. 2018.6 എം എം മഴ ലഭിക്കേണ്ടിടത്ത്, ലഭിച്ചത് 1752.7 എം എം മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം ലഭിച്ചത് 1748.2 എം എം ആയിരുന്നു. 2023 ൽ ലഭിച്ചത് 1326.1 എം എം മഴയുമാണ് ( 34 ശതമാനം കുറവ് ). ജൂണ്‍ മാസത്തിൽ നാല് ശതമാനം കുറവ്, ജൂലൈയിൽ 13 ശതമാനം കുറവ്, ഓഗസ്റ്റിൽ 20 ശതമാനം കുറവ്, സെപ്റ്റംബറിൽ 24 ശതമാനം കുറവ് എന്നിങ്ങനെയാണ് കണക്കുകൾ. കാലവർഷം ആരംഭിച്ച മെയ് 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2193 എം എം (നാല് ശതമാനം അധികം) മഴ ലഭിച്ചു. ലഭ്യമായ ഔദ്യോഗിക ഡാറ്റ പ്രകാരം ഈ കാലയളവിൽ 6594 എംഎം മഴ ലഭിച്ച കക്കയം (കോഴിക്കോട്) സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്. എന്നാൽ രാജ്യത്ത് പൊതുവെ എട്ട് ശതമാനം അധിക മൺസൂൺ മഴ ഇത്തവണ ലഭിച്ചു.