കൊല്ലം: കൊല്ലം നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ സ്വദേശിയായ മണിയന്റെ പറമ്പിലാണ് നാട്ടുകാർ ആദ്യം പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. നൂറ് കിലോയിലധികം ഭാരവും വലിപ്പവുമുള്ളതിനാൽ പാമ്പിനെ റെസ്‌ക്യു ബാഗിലേക്ക് മാറ്റുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ, രണ്ടുപേർ ചേർന്നാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് പിടികൂടി വാഹനത്തിൽ കയറ്റിയത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് കൊണ്ടുപോയി.