ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയം: വനിതാ കമ്മീഷൻ അധ്യക്ഷ


തിരുവനന്തപുരം: ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളത്ത് നടന്ന കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണ്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു.ചാനലുകളിലൂടെയും സോഷ്യൽ മീഡിയവഴിയും സ്ത്രീകളെ നിരന്തരം അധിക്ഷേപങ്ങൾക്ക് വിധേയമാക്കുന്നത് അടുത്തിടെയായി വർധിച്ചുവരികയാണ്. ഇത്തരത്തിൽ അധിക്ഷേപിക്കപ്പെട്ട സിനിമ നടി പൊലീസിന് പരാതി നൽകിയത് മറ്റുള്ളവർക്ക് പ്രചോദനമാകും. ഈ പരാതിയിൽ നടപടി സ്വീകരിച്ചുവരിയാണെന്ന പോലീസ് റിപ്പോർട്ട് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അധ്യക്ഷ അറിയിച്ചു.

സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ പലരൂപത്തിലാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വനിതാ കമീഷന്‍റെ മീഡിയ മോണിറ്ററിങ് സെൽ പ്രവർത്തനം ശക്തപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2013 ൽ നിലവിൽ വന്ന പോഷ് ആക്ട് ( പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇന്‍ വര്‍ക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്‌ന പരിഹാര സംവിധാനം (ഇന്റേണൽ കമ്മിറ്റി) കാര്യക്ഷമമാക്കണം. പല സ്ഥാപനങ്ങളിലും ഇത്തരം ഇൻ്റേണൽ കമ്മിറ്റികളുടെ ഘടന, നിയമം അനുശാസിക്കുന്ന രീതിയിലല്ല. ഇത്തരം കമ്മിറ്റികൾ സ്ഥാപനങ്ങളിൽ ഉള്ളതായി തൊഴിൽ ചെയ്യുന്നവർക്ക് പോലും അറിവില്ല. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കിംഗ് സ്ഥാപനങ്ങളിലും നിലവിൽ പരിശോധന നടന്നു വരികയാണ്.

വഴിത്തർക്കം, സ്വത്തുതർക്കം എന്നീ വിഷയങ്ങളിൽ ഇടപെടാൻ കമ്മീഷന് നിയമപരമായി അധികാരമില്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളുടെ അഭിമാനത്തിന് കോട്ടം വരുന്ന പ്രവൃത്തികൾ , സ്ത്രീകളെ മോശമായി ചിത്രീകരിക്കുക എന്നിവ ഉണ്ടായാൽ കമ്മീഷൻ ശക്തമായി ഇടപെടും . വാർഡ് തലങ്ങളിലുള്ള ജാഗ്രത സമിതികൾ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال