നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്ന് എഡിഷനുകള്‍ വിജയകരമായി നടത്തിയ പശ്ചാത്തലത്തില്‍, യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തേയ്ക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുക്കുന്നതിന്, തലസ്ഥാനനഗരത്തിന്റെ സവിശേഷമായ പ്രത്യേകതകള്‍ സംബന്ധിച്ച വിശദമായ ഡോക്യൂമെന്റ്സ് തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച് അപേക്ഷ യുനെസ്കോ-യ്ക്ക് സമര്‍പ്പിക്കുന്നത്.
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ സമാപന സമ്മേളനത്തിലാണ് യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ സ്ഥാനത്തിന് തിരുവനന്തപുരം അര്‍ഹമാണെന്നും അതു സംബന്ധിച്ച് അപേക്ഷ നല്‍കുന്നതിന് സ്പീക്കര്‍ മുന്‍കയ്യെടുക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചത്.
ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട്, കില ഡയറക്ടര്‍ ജനറല്‍ നിസ്സാമുദീന്‍ എന്നിവര്‍ ഓണ്‍ലൈനായും തിരു. കോര്‍പ്പറേഷന്‍ സെക്രട്ടറി ജഹാഗീര്‍ എസ്., കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കേരള ലൈബ്രറി അസോസിയേഷന്‍, സ്കൂള്‍ ലൈബ്രറി അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികള്‍ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.