ചെന്നൈ: രജനീകാന്തിന്റെ ‘കൂലി’ എന്ന സിനിമയുടെ റിലീസ് ആഘോഷിക്കാൻ കമ്പനി ജീവനക്കാർക്ക് ഒരു ദിവസത്തെ അവധിയും സൗജന്യ ടിക്കറ്റുകളും പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സ്ഥാപനം. വ്യാഴാഴ്ചയാണ് കൂലി പ്രദർശനത്തിനെത്തുന്നത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന, ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ശാഖകളുള്ള ‘യുനോ അക്വാ കെയർ’ എന്ന സ്ഥാപനമാണ് ജീവനക്കാർക്ക് സൗകര്യം ഒരുക്കിയത്.
ഇതുസംബന്ധിച്ച് കമ്പനി ചെന്നൈ, ബെംഗളൂരു, തിരുച്ചിറപ്പളളി, തിരുനെൽവേലി, ചെങ്കൽപ്പെട്ട് തുടങ്ങിയ ശാഖകൾക്ക് സർക്കുലർ അയച്ചു. കൂലി റിലീസ് ചെയ്യുന്ന ദിവസം അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണവും സംഭാവനകളും ജനങ്ങൾക്ക് മധുരവും വിതരണം ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. സർക്കുലർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ലോകേഷ് കനകരാജ് ആണ് കൂലിയുടെ സംവിധായകൻ.