മലപ്പുറത്ത് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി



മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശിയും മലപ്പുറം മുണ്ടുപറമ്പില്‍ താമസക്കാരിയുമായ ദേവനന്ദ(21)യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയര്‍ അംഗങ്ങളും വൈറ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പരുവമണ്ണ തൂക്കുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്തുനിന്നായാണ് മൃതദേഹം ലഭിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് യുവതി പുഴയിലേക്ക് ചാടിയത്. ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയില്‍ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവര്‍ പോലീസിനോടു പറഞ്ഞു. കൂട്ടിലങ്ങാടിയില്‍നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു ഇവര്‍. 20 വയസ്സ് തോന്നിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. വെള്ളവസ്ത്രം ധരിച്ച യുവതി നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി നടന്നുപോകുന്നതു കണ്ടതായി സമീപത്തെ പഴക്കച്ചവടക്കാരനും പറഞ്ഞു.
ഇതിനിടെ, മുണ്ടുപറമ്പ് ഡിപിഒ റോഡില്‍ താമസിക്കുന്ന ദേവനന്ദയെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും ഉള്‍പ്പെടെ രാത്രി വൈകിയും ശനിയാഴ്ച രാവിലെയുമായി തിരച്ചില്‍ നടത്തുകയായിരുന്നു. മൃതദേഹം ദേവനന്ദയുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال