കൊച്ചി: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകന്‍ ടി എ അരുണ്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ട്വിസ്റ്റ്. കേസില്‍ ബെംഗളൂരു സ്വദേശിനിയും മസാജ് പാര്‍ലര്‍ ജീവനക്കാരിയുമായ രത്‌ന ഉള്‍പ്പെടെ അഞ്ച് പേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു. രത്‌നയുടെ സഹായി മോണിക്ക, ആസൂത്രകനും പാലക്കാട് സ്വദേശിയായ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോന്‍, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണത്തിന്റെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നും പെരിങ്ങോട്ടുകര ദേവസ്ഥാനം ആവശ്യപ്പെട്ടു. വ്യാജ പരാതിയില്‍ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ 45 ദിവസത്തിന് ശേഷം കര്‍ണാടക ഹൈക്കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകന്‍ ടി എ അരുണിനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയത്.
അരുണിനെ ആസൂത്രിതമായി ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന പരാതിയുമായി കുടുംബം ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. പാലക്കാട് സ്വദേശിയായ ശരത് മേനോനും കൂട്ടാളികളും ചേര്‍ന്ന് രത്‌നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചതോടെയാണ് വ്യാജ പരാതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്താകുന്നത്.
ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷണം ഏറ്റെടുത്തത് യാഥാര്‍ത്ഥ്യം തെളിയുന്നതിന് കൂടുതല്‍ വഴിയൊരുക്കിയതായും സംഭവത്തില്‍ വ്യാജ തെളിവുകള്‍ കെട്ടിച്ചമയച്ചവര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും കേസില്‍ പ്രതിസ്ഥാനത്തുള്ള ഒന്നാം പ്രതി പ്രവീണ്‍ കെ വി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഊര്‍ജിതമായ അന്വേഷണം അനിവാര്യമാണെന്നും തന്ത്രി ഉണ്ണി ദാമോദരന്റെ മൂത്ത മകള്‍ ഉണ്ണിമായ സൂരജ് പറഞ്ഞു.