കള്ളിക്കാട്(തിരുവനന്തപുരം): പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ പമ്പിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് സംഭവം.
കള്ളിക്കാടുള്ള പമ്പിൽ നിന്ന് വാഹനത്തിന് പെട്രോൾ അടിക്കാനായി എത്തിയതായിരുന്നു ബിജു. പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ 15 ഓളം പേർ സ്ഥലത്തെത്തി കാർ വളയുകയായിരുന്നു. പിന്നാലെ ബിജുവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. കാറിന്റെ പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ വലിച്ചിടുകയും ചെയ്തു. കുറച്ചുപേർ വാഹനത്തിൽ കയറി ബിജുവിനെയും കൊണ്ട് കള്ളിക്കാട് ഭാഗത്തേക്ക് പോയി.
കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിലെ വാടക വീട്ടിൽ ഒമ്പത് മാസത്തോളമായി താമസിച്ചു വരികയാണ്. ഇയാൾ നെയ്യാറ്റിൻകരയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയാണ്.
അന്വേഷണത്തിനൊടുവില്‍ ബിജുവിനെ വൈകിട്ടോടെ നെടുമങ്ങാട് വച്ച് കണ്ടെത്തി. പിന്നീട് കാട്ടാക്കടയില്‍ എത്തിച്ചു. ഇയാളെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നും പോലീസ് പിന്നാലെ ഉണ്ടെന്ന് മനസ്സിലാക്കിയും ഇയാളെ നെടുമങ്ങാട് ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലം സ്വദേശി റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. യൂറോപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജു പണം കൈപ്പറ്റിയിരുന്നു. ജോലിയും പണവും തിരികെ ലഭിക്കാത്തതു കൊണ്ടാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.