ന്യൂഡല്‍ഹി: പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നവര്‍ എന്തിന് ടോള്‍ നല്‍കണമെന്ന് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റി യാത്രക്കാര്‍ക്കാണ് വല്ലതും കൊടുക്കേണ്ടതെന്നും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. പാലിയേക്കരയിലെ വാഹനത്തിരക്കില്ലാത്ത ചിത്രം കാണിച്ച ദേശീയപാതാ അതോറിറ്റിയോട്, ഇത് വന്യജീവി ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചതാണോയെന്ന് കോടതി ചോദിച്ചു. വന്യജീവികളുടെ ചിത്രത്തിനായി ഏറെ നേരം ക്ഷമയോടെ കാത്തിരിക്കേണ്ടിവരുന്നതാണ് സുപ്രീംകോടതി സൂചിപ്പിച്ചത്.
പാലിയേക്കരയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് വിലക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ, പാലിയേക്കരയില്‍ കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായ വാര്‍ത്ത കണ്ടിരുന്നോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് മലയാളികൂടിയായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ചോദിച്ചു. അത് ലോറി മറിഞ്ഞതുകൊണ്ടാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ലോറി തനിയെ മറിഞ്ഞതല്ലെന്നും കുഴിയില്‍ വീണതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
റോഡ് പണിയെ മഴ ബാധിക്കുന്നതായി ദേശീയപാതാ അതോറിറ്റി
അടിപ്പാതനിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍, മഴ കാരണം പണി തടസ്സപ്പെടുകയാണെന്നും ദേശീയപാതാ അതോറിറ്റിക്കുവേണ്ടി തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍, 12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ എന്തിനാണ് 65 കിലോമീറ്ററിന് 150 രൂപ ടോള്‍ നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഒരു മണിക്കൂറെടുക്കേണ്ട യാത്രയ്ക്കാണ് 11 മണിക്കൂര്‍ അധികമെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
12 മണിക്കൂര്‍ കുരുക്കിന് ദേശീയപാതാ അതോറിറ്റി യാത്രക്കാര്‍ക്ക് അങ്ങോട്ട് വല്ലതും കൊടുക്കേണ്ടിവരുമല്ലോയെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ തമാശയായി പറഞ്ഞു. അടിപ്പാത നിര്‍മാണം ദേശീയപാതാ അതോറിറ്റി മൂന്നാമതൊരു കക്ഷിക്ക് നല്‍കിയിരുന്നതായും അവരാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ അറിയിച്ചു.