അമ്മയുടെ തോളത്തുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍മാല മോഷ്ടിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ



കോഴിക്കോട്: നാദാപുരം ബസ് സ്റ്റാന്റില്‍ വച്ച് അമ്മയുടെ തോളത്തുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍മാല മോഷ്ടിച്ച കേസില്‍ അറസ്റ്റ്. പാലക്കാട് റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു(32)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഇവരെ കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിയാണ് നാദാപുരം എസ്‌ഐ വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്‌തത്. സ്ഥിരം മാലമോഷ്‌ടാവാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം നാലാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയുടെ തോളില്‍ കിടക്കുകയായിരുന്ന കുഞ്ഞിന് സമീപം എത്തിയ മഞ്ജു മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. വടകരയില്‍ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞ തവണ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. വടകരയില്‍ തന്നെ രണ്ട് സമാന മോഷണക്കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഈ കേസുകളിലാണ് നിലവില്‍ തടവ് ശിക്ഷയില്‍ കഴിയുന്നത്. കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി പ്രതിയെ തെളിവെടുപ്പിനായി നാദാപുരത്ത് കൊണ്ടുവരുമെന്ന് എസ്‌ഐ സൂചിപ്പിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال