പത്തനംതിട്ട: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. 'ജലമാണ് ജീവൻ' ജനകീയ കാംപെയ്ൻ ശനിയാഴ്ചയും ഞായറാഴ്ചയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി അറിയിച്ചു. എല്ലാ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.
ഇവ ശ്രദ്ധിക്കാം
വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റുചെയ്യുകയും ജലസംഭരണടാങ്കുകൾ തേച്ചുകഴുകി വൃത്തിയാക്കുകയും ചെയ്യണം.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റുചെയ്യണം.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യവഴികൾ അടയ്ക്കലും ഉൾപ്പെടെ പൊതു ജലസ്രോതസ്സുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടരും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങളിലും തടാകങ്ങളിലും അടിഞ്ഞുകൂടിയ പായലും മാലിന്യവും നീക്കണം.
വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
മലിനമായ കുളത്തിൽ കുളിക്കരുത്
പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം.
ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയും കാണാറുണ്ട്.
രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആർ. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തിൽ മരുന്നുകൾ നൽകിത്തുടങ്ങിയാൽ രോഗം ഭേദമാകും.