സോച്ചി: യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തെക്കുപടിഞ്ഞാറൻ നഗരമായ സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തം. റഷ്യയുടെ ആക്രമണങ്ങൾക്ക് പ്രതികാരമായി യുക്രൈൻ റഷ്യൻ എണ്ണ, വാതക സൗകര്യങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് സോച്ചിലിലെ എണ്ണ സംഭരണശാലയിലെ വൻ തീപിടിത്തത്തിന്‍റെ വാർത്ത പുറത്തുവന്നത്.
യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു എണ്ണ ടാങ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് റഷ്യയിലെ ക്രാസ്നോദർ മേഖലയുടെ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ 2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഒരു ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ 100 ലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ രംഗത്തുണ്ടെന്നും വെന്യാമിൻ കോന്ദ്രോതിയേവ് വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനുള്ള ശ്രമത്തിലാണെന്നും സോച്ചി മേയർ ആന്ദ്രേ പ്രോഷുനിൻ വ്യക്തമാക്കി.
റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങളിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. തീപിടിത്തത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. യുക്രൈൻ ആക്രമണത്തെ തുടർന്ന് സോച്ചി വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചതായി റഷ്യയുടെ വ്യോമഗതാഗത റെഗുലേറ്റർ റോസാവിയാറ്റ്സിയ അറിയിച്ചു. കഴിഞ്ഞ രാത്രി മുതൽ യുക്രെയ്ൻ തൊടുത്തുവിട്ട 93 ഡ്രോണുകൾ തടഞ്ഞതായി റഷ്യ അവകാശപ്പെട്ടു. ഇതിൽ 60 ഡ്രോണുകൾ കരിങ്കടലിനു മുകളിൽവച്ചാണ് പ്രതിരോധിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.