തിരുവനന്തപുരം: സർക്കാറിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാറിൻ്റെ ക്ഷണം സ്വീകരിക്കാനാണ് രാജ്ഭവൻ തീരുമാനം. 9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്. സർക്കാറുമായുള്ള പോരിനിടെ ഗവർണറെ ക്ഷണിക്കുമോ എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 2022ൽ ഓണാഘോഷ പരിപാടിയിലേക്ക് സർക്കാർ ക്ഷണിച്ചിരുന്നില്ല. ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ ഒരുക്കിയ വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു.
സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറും.