കിഫ്ബി പദ്ധതികൾ വഴി സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിൽ 62,000 കോടിയുടെ വികസനം കൊണ്ടുവരാനായി: മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2017ലെ ബജറ്റിൽ, വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് ഇവിടെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയിൽ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്. 48 മീറ്റർ നീളത്തിൽ റഗുലേറ്ററും ഇരുവശത്തും 42 മീറ്റർ പാലവും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമാണ്. മൂന്നര കിലോമീറ്റർ നീളത്തിൽ ഇരു കരയിലും കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷണ ബണ്ടും മത്സ്യ കൃഷിക്കായി 12 സ്ലൂയിസുകളും സജ്ജമാക്കിയിട്ടുണ്ട്. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കാൻ പറ്റുന്ന വിധം വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന മെക്കാനിക്കൽ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റർ. 3.50 കിലോമീറ്ററോളം നീളത്തിൽ ജലസംഭരണം സാധ്യമാവും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗർലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി.

പദ്ധതി പ്രവർത്തന സജ്ജമായതോടെ 1360 ഏക്കറിൽ കൃഷി ഇറക്കാനാവും. തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കാലപ്പഴക്കം വന്ന ചേക്കൂ പാലത്തിനു പകരം പുതിയ പാലം വേണ്ടതിനാൽ റെഗുലേറ്ററിനു മുകളിൽ പാലം കൂടി നിർമിച്ചിട്ടുണ്ട്. കൊയിലാണ്ടി, വടകര ഭാഗത്തുള്ളർക്കും തലശ്ശേരി വഴി കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാൻ പറ്റിയ റോഡാണിത്. ഭാവിയിൽ വിമാനത്താവള റോഡ് നാലുവരി ആക്കുമ്പോൾ രണ്ടു വരി പാത ഇതിനു മുകളിലൂടെ ആണ് പോവുക. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല നിർവഹിച്ചത്. പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ പ്രവർത്തനം നടത്തിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال