വെള്ളിയാഴ്ച വെളുപ്പിന് 2.15 ഓടെയായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്.അതിരപ്പിള്ളി പഞ്ചായത്തിലെ വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുലിനാണ് പരിക്കേറ്റത്.പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പുലി കടിച്ചെടുത്ത്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു.ഉടൻ തന്നെ വീട്ടുകാർ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് H.L, സബ് ഇൻസ്പെക്ടർ താജുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ അഖിൽ, ഡ്രൈവർ സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.തലയിലേറ്റ പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ വിദഗ്ദ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.