തിരുവനന്തപുരം: നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ മംഗലാപുരം സ്വദേശി ടിറ്റോ തോമസിന് 17 ലക്ഷംരൂപ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുന്നത്. 2023-ല്‍ നിപ എന്‍സെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ടിറ്റോ.
ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്‌സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാര്‍ശ്വഫലമായി ലേറ്റന്റ് എന്‍സഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരന്‍ ശ്വാസോച്ഛാസം നടത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല.
മംഗലാപുരം മര്‍ദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്‌സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രില്‍ 23-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി എത്തുന്നത്. ആഗസ്റ്റ് അവസാനം ഇതേ ആശുപത്രിയില്‍ കടുത്ത പനിയുമായി എത്തുകയും ഇവിടെവെച്ച് മരിക്കുകയും ചെയ്ത രോഗിക്ക് മരണശേഷം നിപ സ്ഥിരീകരിച്ചിരുന്നു. ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്. രോഗമുക്തി നേടി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി നവംബറില്‍ വീട്ടില്‍ എത്തിയ ടിറ്റോയ്ക്ക് ആ സമയംമുതല്‍ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരന്‍ ഷിജോ തോമസ് പറയുന്നു.
അന്ന് തലവേദന അത്ര കാര്യമായി എടുത്തിട്ടില്ല. വീണ്ടും ജോലിയില്‍ പ്രവേശിച്ച ടിറ്റോയ്ക്ക് ഡിസംബറില്‍ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ലേറ്റന്റ് എന്‍സഫലൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ജോലിചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തുടങ്ങി. ചികിത്സ തുടരുന്നതിനിടെ ടിറ്റോ അബോധാവസ്ഥയിലാവുകയും ചെയ്തു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ അഭിപ്രായം.
എന്നാല്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ഏതെങ്കിലും ആശുപത്രിയില്‍ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന തടസ്സം. ജോലി ഉപേക്ഷിച്ച് കോഴിക്കോട്ട് ആശുപത്രിയില്‍ ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണ് ഏക സഹോദരന്‍ ഷിജോ തോമസും അമ്മ ലിസിയും. ഇതുവരെയുള്ള ചികിത്സ പൂര്‍ണമായും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി മാനേജ്‌മെന്റ് ചെലവഴിച്ചു. തുടര്‍ചികിത്സയക്കായി സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ടിറ്റോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യവകുപ്പിനറിയാമെന്നും സാമ്പത്തിക സഹായം ലഭിച്ചാല്‍ ടിറ്റോയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാവുമെന്നും കുടുംബം പറഞ്ഞിരുന്നു.
നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്‌കജ്വരമുണ്ടാകുന്നതാണ് നിപ എന്‍സഫലൈറ്റിസ്. ഇത് രോഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിപ എന്‍സഫലൈറ്റിസിന് നിലവില്‍ നല്‍കിവരുന്നത്.