കെഎസ്‌യു-എംഎസ്എഫ് തർക്കം: വെളിയങ്കോട് എംടിഎം കോളേജിൽ ഉപരോധവും അക്രമവും



എരമംഗലം(മലപ്പുറം): വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു-എംഎസ്എഫ് തർക്കത്തെ തുടർന്ന് വെളിയങ്കോട് എംടിഎം കോളേജിൽ ഉപരോധവും അക്രമവും അരങ്ങേറി. കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള യുയുസിയുടെ തിരഞ്ഞെടുപ്പ് കാർഡ് എംഎസ്എഫ് തട്ടിയെടുത്തുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തിൽ വെളിയങ്കോട് എംടിഎം കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ്‌ പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഉപരോധം തുടങ്ങിയത്.

യുയുസിക്ക് നേരിട്ടു നൽകേണ്ട തിരഞ്ഞെടുപ്പ് കാർഡ് യുയുസി പോലും അറിയാതെ കോളേജ് വൈസ് പ്രിൻസിപ്പൽ എംഎസ്എഫ് പ്രവർത്തകന് നൽകിയ കാർഡ് തിരിച്ചു വാങ്ങി യുയുസിയും കെഎസ്‌യു പ്രവർത്തകനുമായ വാഹിബിന് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. രാത്രി ഒൻപത് കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കാർഡ് തിരിച്ചു വാങ്ങുന്നതിൽ തീരുമാനമാവാത്തതോടെ പ്രതിഷേധക്കാർ പ്രകോപിതരാവുകയും പ്രിൻസിപ്പൽ ഓഫീസ് റൂം അടിച്ചു തകർക്കുകയും പ്രിൻസിപ്പലുടെ സീറ്റിൽ കെഎസ്‌യു പതാക സ്ഥാപിക്കുകയും ചെയ്തു. അക്രമത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകളും ഫർണീച്ചറും മറ്റും തകർന്നു.
സംഭവം അറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി.വി. ബിജു, സബ് ഇൻസ്‌പെക്ടർ ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്. കണ്ണൻ നമ്പ്യാർ, റാഷിദ് പുതുപൊന്നാനി, സനീൻ സുബി എന്നിവരെ പോലീസ് രാത്രി 12 മണിയോടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വെളിയങ്കോട് എംടിഎം കോളേജിൽനിന്ന് കെഎസ്‌യു പ്രതിനിധിയായി വാഹിബ്, എംഎസ്എഫ് പ്രതിനിധിയായി അനസ് എന്നീ രണ്ട് യുയുസിമാരുണ്ട്. ഇവരിൽ വാഹിബിന്റെ തിരഞ്ഞെടുപ്പ് കാർഡ് വാഹിബ് അറിയാതെ എംഎസ്എഫ് പ്രവർത്തകനായ കോളേജിലെ ബിരുദ വിദ്യാർഥി മുഹമ്മദ് അസ്‌ലമിന്റെ കൈവശം വെള്ളിയാഴ്ച വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ നൽകിയിരുന്നു. അന്നേദിവസം കോളേജ് പ്രിൻസിപ്പൽ അബ്ദുൽകരീം അവധിയായിരുന്നു. തിങ്കളാഴ്ച യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള കാർഡ് വാങ്ങാൻ എത്തിയപ്പോഴാണ് എംഎസ്എഫ് കൊണ്ടുപോയത് അറിയുന്നത്. ഇതേതുടർന്ന് കെഎസ്‌യു നേതാക്കൾ എംഎസ്എഫ് നേതൃത്വത്തെ ബന്ധപ്പെട്ടുവെങ്കിലും ശരിയായ രീതിയിലല്ല മറുപടി ലഭിച്ചതെന്ന് കെഎസ്‌യു നേതാവ് റാഷിദ് പറഞ്ഞു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കാർഡ് തിരിച്ചു വാങ്ങി നൽകാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ അബ്ദുൽകരീമിനെ ഉപരോധിക്കാൻ തുടങ്ങിയത്‌.
കെപിസിസി അംഗം ഷാജി കാളിയത്തേൽ കോളേജിലെത്തി പ്രിൻസിപ്പലുമായി ചർച്ച നടത്തുകയും ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കാർഡ് തിരിച്ചു വാങ്ങി നൽകാമെന്നും അല്ലാത്ത പക്ഷം കാർഡ് കൊണ്ടുപോയ മുഹമ്മദ്‌ അസ്‌ലമിനെതിരെ കോളേജ് പോലീസിൽ പരാതി നൽകുമെന്നും തീരുമാനമായി. ഇതോടെ പ്രവർത്തകർ പിരിഞ്ഞു പോവുകയായിരുന്നു. അക്രമത്തിൽ നടത്തിയ സംഭവത്തിൽ കോളേജ് അധികൃതരുടെ പരാതിയിൽ പെരുമ്പടപ്പ് പോലീസ് കെഎസ്‌യു നേതാക്കളായ കണ്ണൻ നമ്പ്യാർ, റാഷിദ് പുതുപൊന്നാനി, സനീൻ സുബി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള മൂവരെയും ചൊവ്വാഴ്ച പകൽ കോടതിയിൽ ഹാജരാക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال