ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കും: പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം



ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമദ് റിയാസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. തുറമുഖ തൊഴിലാളികളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച .

സംസ്ഥാന പാരിസ്ഥിതിക ആഘാത പരിശോധനാ അതോറിറ്റി (State Environmental Impact Assessment Authority)-യുടെ കാലാവധി തീര്‍ന്നതിനാലാണ് താമസം വന്നതെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. കഴിഞ്ഞ നാല് മാസമായി അതോറിറ്റിയുടെ പുനഃസംഘടന കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തില്‍ പെന്റിങ് ആണ്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രാലയുമായി ചര്‍ച്ച ചെയ്യുവാന്‍ തുറമുഖ വകുപ്പ് സെക്രട്ടറിയോട് യോഗം നിര്‍ദേശിച്ചു. അതോറിട്ടി പുനഃസംഘടിപ്പിച്ചതിനുശേഷം കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ നിന്നുമുള്ള 50% ധനസഹായം കൂടി നേടി പ്രവര്‍ത്തികള്‍ ഉടനടി ഏറ്റെടുക്കുവാനും മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. പദ്ധതിക്ക് കേന്ദ്ര സഹായം താമസിച്ചാല്‍ കിഫ്ബി ഫണ്ട് ഇതിനായി ലഭ്യമാക്കുന്ന വിഷയം പരിശോധിക്കും.

തുറമുഖത്തിനകത്തെ വെള്ളക്കെട്ട് മാറ്റുന്ന പ്രവര്‍ത്തി യുദ്ധകാലാടിസ്ഥത്തില്‍ തീര്‍ക്കുവാനും, തുറമുഖ തൊഴിലാളികളുടെ ലൈസന്‍സ് അവര്‍ക്ക് തൊഴിലെടുക്കുവാന്‍ വയ്യാത്ത അവസ്ഥയില്‍ തങ്ങളുടെ ആശ്രിതര്‍ക്ക് നല്‍കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കുവാനുള്ള മാരിടൈം ബോര്‍ഡിന്റെ തീരുമാനം തല്‍ക്കാലം മരവിപ്പിക്കുവാനും അംഗീകൃത ട്രേഡ് യൂണിയന്‍ നിര്‍ദേശിച്ചാല്‍ ആശ്രിതര്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് കൈമാറ്റം പരിശോധിക്കാവുന്നതാണെന്നും യോഗം തീരുമാനിച്ചു .

നിര്‍ദേശ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന് നല്‍കിയ ചാലിയത്തെ സ്ഥലം പ്രസ്തുത പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ തിരിച്ചെടുക്കുന്ന നടപടി ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തുറമുഖ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന് നല്‍കിയിട്ടുള്ള തുറമുഖ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം വ്യവസായ വകുപ്പ് മന്ത്രിയുമായി പ്രത്യേകം ചര്‍ച്ച നടത്തുന്നതിനും തീരുമാനം എടുത്തു. യോഗത്തില്‍ തുറമുഖ സെക്രട്ടറി, കേരളാ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍, കേരളാ മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, തുറമുഖ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال