കോഴിക്കോട്: ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവര്‍ ദിവസങ്ങള്‍ക്ക് ശേഷം പിടിയില്‍. കോഴിക്കോട് പുതിയറ സ്വദേശി അനൂപി(35)നെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 13-ാം തിയ്യതിയാണ് അപകടമുണ്ടായത്.
കണ്ണൂര്‍ സ്വദേശിയായ യുവാവും സുഹൃത്തായ പെണ്‍കുട്ടിയും ബുള്ളറ്റ് ബൈക്കില്‍ സഞ്ചരിക്കുമ്പോൾ പാളയത്തുവെച്ച് അനൂപ് ഓടിച്ച ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവും യുവതിയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിസരത്തെ കടകളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കസബ ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എസ്‌ഐ രാംദാസ്, എഎസ്‌ഐമാരായ സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് അനൂപിനെ പിടികൂടിയത്.