ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യ: ആവര്‍ത്തിച്ച് കേസിലെ മുഖ്യപ്രതി നൗഷാദ്



കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയെന്നും ആവര്‍ത്തിച്ച് കേസിലെ മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍ ആത്മഹത്യചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് നൗഷാദ് പോലീസിന് നല്‍കിയ മൊഴി.

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ നൗഷാദിനെ ഇന്നലെ ബെംഗളൂരൂ വിമാനത്താവളത്തില്‍വെച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കോഴിക്കോട്ട് എത്തിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ആത്മഹത്യയെന്ന് നൗഷാദ് ആവര്‍ത്തിച്ചത്. ഇക്കാര്യം നേരത്തേ ഫെയ്‌സ്ബുക്ക് വീഡിയോയിലും നൗഷാദ് പറഞ്ഞിരുന്നു.

നിരവധി ആളുകള്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ട്. ഈ പണം മൈസൂരു സ്വദേശിയില്‍നിന്ന് വാങ്ങിനല്‍കാം എന്നാണ് ഹേമചന്ദ്രന്‍ പറഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ എത്തി ഇയാള്‍ ആവശ്യപ്പെട്ട പ്രകാരം വീടെടുത്ത് നല്‍കുകയായിരുന്നു. ഇവിടെ ആത്മഹത്യചെയ്ത നിലയില്‍ ഹേമചന്ദ്രനെ കണ്ടപ്പോള്‍ ഭയന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുഴിച്ചുമൂടുകയായിരുന്നു എന്നാണ് നൗഷാദ് പറയുന്നത്. എന്നാല്‍, നൗഷാദും സുഹൃത്തുക്കളും നടത്തിയ ചാറ്റുകള്‍ ഉള്‍പ്പടയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വീണ്ടും ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം.
ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്ര(53)ന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന സൂചനയിലേയ്‌ക്കെത്തിയത്.
റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുള്‍പ്പെടെ മറ്റുചിലര്‍ കൂടി കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال