തൃശ്ശൂര്‍/കണ്ണൂര്‍: ദേശീയ പണിമുടക്കിനിടെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ കടകള്‍ക്ക് നേരേ ആക്രമണം. പടിഞ്ഞാറെനടയിലെ സൗപര്‍ണിക ഹോട്ടലിന് നേരേയും മറ്റ് രണ്ട് കടകള്‍ക്ക് നേരേയുമാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ അടയ്പ്പിക്കാനെത്തിയ സമരാനുകൂലികള്‍ ഇതിനുപിന്നാലെ ഭീഷണിമുഴക്കുകയായിരുന്നു. തുടര്‍ന്ന് സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഹോട്ടലിന്റെ ചില്ലുകളും തകര്‍ത്തു. ക്ഷേത്രപരിസരത്തെ വസ്ത്രവില്‍പ്പന സ്ഥാപനങ്ങളും സമരാനുകൂലികള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. ഇവിടങ്ങളിലും അതിക്രമമുണ്ടായി.
തൃശ്ശൂര്‍ പട്ടിക്കാട് പീച്ചി റോഡില്‍ പണിമുടക്ക് ദിവസം തുറന്നുപ്രവര്‍ത്തിച്ച സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായി. സമരാനുകൂലികള്‍ ബലമായി സ്ഥാപനം അടപ്പിച്ചു. ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന് നേരേയും ആക്രമണമുണ്ടായി. സിഐടിയു പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.
കണ്ണൂര്‍ തലശ്ശേരിയില്‍ സ്‌കൂളിലെത്തിയ സമരാനുകൂലികള്‍ അധ്യാപകന്റെ ഉച്ചഭക്ഷണം വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലാണ് സംഭവം. എട്ട് അധ്യാപകരാണ് രാവിലെ സ്‌കൂളിലെത്തിയിരുന്നത്. എന്നാല്‍, സമരാനുകൂലികള്‍ സ്‌കൂളിലെത്തി ഇവരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ അധ്യാപകരിലൊരാള്‍ തന്റെ കൈവശമുണ്ടായിരുന്ന ഉച്ചഭക്ഷണം സ്‌കൂളിലെ പ്യൂണിന് കൈമാറി. ഇദ്ദേഹം തലശ്ശേരിയില്‍ താമസിച്ച് ജോലിചെയ്യുന്നയാളാണ്. ഈ ഭക്ഷണമാണ് സമരാനുകൂലികള്‍ തട്ടിപ്പറിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞത്. നിങ്ങള്‍ സമരം മറികടന്ന് പണിയെടുക്കുന്നവരല്ലേ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കേണ്ടെന്ന് പറഞ്ഞാണ് ഭക്ഷണം വലിച്ചെറിഞ്ഞതെന്ന് അധ്യാപകര്‍ ആരോപിച്ചു.