മാള(തൃശ്ശൂര്‍): എയ്ഡഡ് സ്‌കൂളിലെ തസ്തികനിര്‍ണയത്തിനു കുട്ടികളുടെ ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നയത്തിനെതിരേയുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ ആലത്തൂര്‍ സെയ്ന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാഭ്യാസവകുപ്പിന്റെ കണക്കില്‍നിന്നു പുറത്തായി. ഈ സ്‌കൂളിലെ ഒന്നാംക്ലാസ് റദ്ദാക്കി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ചൊവ്വാഴ്ച ഉത്തരവിറക്കി.
സ്‌കൂളിലെ ഒന്നാം ക്‌ളാസില്‍ ആകെയുള്ള മൂന്നു കുട്ടികള്‍ക്കും ആധാറില്ലായിരുന്നു. ഇവരുടെ രക്ഷിതാക്കളുടെ ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ കാരണമാണു കുട്ടികള്‍ക്ക് ആധാര്‍ ലഭിക്കാതെ പോയത്. സ്‌കൂളില്‍ പ്രവേശനം നേടിയശേഷം ആറാമത്തെ പ്രവൃത്തിദിനത്തില്‍ മൂന്നുപേര്‍ക്കും ആധാറില്ലായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റ് മാത്രമാണ് രേഖയായുള്ളത്. ആധാറില്ലാതെ വിദ്യാഭ്യാസരേഖകളില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് നയം.
സ്‌കൂളിലെ മൂന്നു കുട്ടികളും വിദ്യാഭ്യാസവകുപ്പിന്റെ രേഖകളില്‍ ഇല്ലാതായതോടെ ഒന്നാം ക്ലാസിലെ അധ്യാപികയും പുറത്തായി. എന്നാല്‍, ഒന്നാം ക്ലാസിലെ കുട്ടികളെ കൈവിടാന്‍ തയ്യാറല്ലെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് കാണിച്ച് സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.