ദില്ലി: എയർ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (എഫ്‌സിഎസ്) ലോക്കിംഗ് സംവിധാനത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കിയതായും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട്. ബോയിംഗ് 787, 737 വിമാനങ്ങൾ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഈ ആഴ്ച ആദ്യം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പരിശോധന.
കഴിഞ്ഞ മാസം 260 പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.
എയർലൈനിന്റെ എഞ്ചിനീയറിംഗ് സംഘം വാരാന്ത്യത്തിൽ പരിശോധനകൾ നടത്തുകയും ഫലം പൈലറ്റുമാരെ അറിയിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയായി, ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും ബോയിംഗിന്റെ അറ്റകുറ്റപ്പണി ഷെഡ്യൂൾ അനുസരിച്ച് എല്ലാ ബോയിംഗ് 787-8 വിമാനങ്ങളും ഇതിനകം ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (TCM) മാറ്റിസ്ഥാപിക്കലിന് വിധേയമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.