ഗ്രേഡ് എസ്‌ഐമാരെ യഥാർഥ എസ്‌ഐമാരായി കണക്കാക്കാൻ കഴിയില്ലെന്ന് സർക്കാർ



തിരുവനന്തപുരം: ഗ്രേഡ് എസ്‌ഐമാരെ യഥാർഥ എസ്‌ഐമാരായി കണക്കാക്കാൻ കഴിയില്ലെന്ന് സർക്കാർ. അതിനാൽ കേസന്വേഷണം ഉൾപ്പെടെയുള്ള സബ് ഇൻസ്പെക്ടറുടെ ചുമതലകൾ വഹിക്കുന്നതിന് നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താനാകില്ലെന്നും ആഭ്യന്തര അഡീഷണൽ സെക്രട്ടറി പോലീസ് മേധാവിയെ അറിയിച്ചു.

ഈ ആവശ്യമുന്നയിച്ച് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ മാസം സർക്കാരിനു നൽകിയ കത്തിനു മറുപടിയായിട്ടാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യമറിയിച്ചത്.
ഈയാവശ്യം പരിഗണിക്കാനാകില്ലെന്നുകാട്ടി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, പോലീസ് മേധാവിക്കു വീണ്ടും കത്തു നൽകുകയായിരുന്നു.കെ.എസ്.ബാലസുബ്രഹ്മണ്യം പോലീസ് മേധാവിയായിരിക്കേ, ഗ്രേഡ് എസ്‌ഐമാരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറപ്പെടുവിച്ചിരുന്നു. പ്രിൻസിപ്പൽ എസ്‌ഐയുടെയോ സ്റ്റേഷൻ ഇൻചാർജിന്റെയോ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണമെന്നായിരുന്നു ആ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നത്.
ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ തടയൽ, വാറണ്ട് കൈമാറൽ, തടവുകാർക്ക് എസ്‌കോർട്ട് പോകൽ, ഗാർഡ് ഡ്യൂട്ടി തുടങ്ങിയവയൊക്കെയായിരുന്നു പ്രധാനമായി ചെയ്തുവരുന്നത്. അതേസമയം, കേസന്വേഷണം നടത്തുന്നതിനു കഴിയുകയുമില്ല.
ഇക്കാര്യത്തിൽ വ്യക്തതയില്ലാതിരുന്നത് നിയമപരമായ ബുദ്ധിമുട്ടുകളുമുണ്ടാക്കി. കൂടാതെ, മോട്ടോർവാഹന നിയമപ്രകാരം ഗ്രേഡ് എസ്‌ഐമാർക്ക് വാഹനപരിശോധനയ്ക്ക് അധികാരമില്ലെന്ന് ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക്‌ നേരത്തേ കത്തുനൽകിയിരുന്നു.
പോലീസ് വകുപ്പിൽ, സബ് ഇൻസ്പെക്ടർ എന്നതുകൊണ്ട് റഗുലർ സബ് ഇൻസ്പെക്ടറെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പ് അന്നു ചൂണ്ടിക്കാട്ടിയത്.
വകുപ്പിലെ ഉത്തരവാദിത്വങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഗ്രേഡ് എസ്ഐമാരെ റഗുലർ എസ്ഐമാരുടെ ചുമതലകൾ ഏൽപ്പിക്കാറുമുണ്ട്. എങ്കിലും ഗ്രേഡ് എസ്ഐമാർ റഗുലർ എസ്ഐമാരുടെ വിഭാഗത്തിൽ വരില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال