വടകര: വ്യാജ മോഷണ വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ മാധ്യമം, അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കല്ലാച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് അധ്യാപകന്‍ മോഷണം നടത്തി പിടിയിലായെന്ന വാര്‍ത്ത നല്‍കിയ ട്രൂവിഷന്‍ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരായ കേസിലാണ് വിധി. അഞ്ചുലക്ഷം രൂപയും കോടതിച്ചെലവും നല്‍കാന്‍ വടകര മുന്‍സിഫ് ടി. ഐശ്യര്യയാണ് ഉത്തരവിട്ടത്.
വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അധ്യാപകനും 2019-ല്‍ വളയം ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന വളയം സ്വദേശി 'അമ്പാടി'യില്‍ ടി.ഇ. നന്ദകുമാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി. ചീഫ് എഡിറ്റര്‍ വളയം സ്വദേശി കെ.കെ. ശ്രീജിത്ത്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കല്ലാച്ചി വലിയ കൊയിലോത്ത് അനൂപ്, വളയം സ്വദേശി ആര്‍.ആര്‍. രവീഷ്, തിരുവള്ളൂര്‍ ചാനിയംകടവിലെ സുമോദ് കണ്ണങ്കണ്ടി, കല്ലാച്ചി വെള്ളക്കാട്ട് ലിജി എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.
2019 സെപ്റ്റംബര്‍ 21, 26 തീയതികളിലാണ് പരാതിക്കിടയായ വാര്‍ത്ത നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ കേസിനോടൊപ്പം വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസും നിലവിലുണ്ട്.