ജയ്പൂർ: രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ഏഴ് കുട്ടികൾ മരിച്ചത്.
മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന് കുട്ടികൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ, കുട്ടികളോട് ക്ലാസിൽ തന്നെ തുടരാൻ അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് മേൽക്കൂര തകർന്നു വീണത്. കല്ലുകൾ വീഴാൻ തുടങ്ങിയ സമയം തന്നെ കുട്ടികളെ ക്ലാസ് മുറികളിൽ നിന്നും മാറ്റിയിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കുമായിരുന്നു.
സംഭവത്തിൽ 30ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലവാറിലെ മനോഹർതനയിലെ പീപ്ലോഡി ഗവൺമെന്റ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടം തകർന്നുവീഴുമ്പോൾ വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവം നടക്കുമ്പോൾ കെട്ടിടത്തിൽ ഏകദേശം 35 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.