കല്പറ്റ: മഹാരാഷ്ട്രയില്‍ കവര്‍ച്ചനടത്തി കേരളത്തിലേക്കുവന്ന ആറംഗ സംഘത്തെ മാസ് ചെയ്‌സിലൂടെയാണ് കേരള പോലീസ് പിടികൂടിയത്. ആ പിന്തുടരല്‍ ഇങ്ങനെ...
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ബുഞ്ച് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയായിരുന്നു കവര്‍ച്ച. കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒന്നരക്കോടി രൂപ രണ്ടുകാറുകളിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു. സംഘം കേരളത്തിലേക്ക് കടന്നതോടെ സംസ്ഥാന പോലീസിന് വിവരം നല്‍കി.
ശനിയാഴ്ച രാത്രി 8.45-ന് ഇവര്‍ സഞ്ചരിച്ച വാഹനം തോല്‍പ്പെട്ടി കടന്നതായി വിവരംലഭിച്ചു. ഹൈവേ പോലീസ് കൈനാട്ടി ജനറല്‍ ആശുപത്രിക്കുസമീപം പരിശോധന കര്‍ശനമാക്കി. അതുവഴിവന്ന പ്രതികള്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ കാര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല.
ഹൈവേ പോലീസ് ഇവരെ പിന്തുടര്‍ന്നു. ബൈപ്പാസ് ജങ്ഷനിലെത്തിയപ്പോള്‍ പ്രതികള്‍ വാഹനം ആദ്യം ബൈപ്പാസ് റോഡിലേക്ക് തിരിച്ചു. എന്നാല്‍ ആ ശ്രമം ഒഴിവാക്കി നേരെ ദേശീയപാതയിലൂടെ പോകാന്‍തന്നെ തീരുമാനിച്ചു. വാഹനം വീണ്ടും തിരിച്ചപ്പോള്‍ റോഡരികിലെ കുഴിയില്‍ താഴ്ന്ന് വാഹനത്തിന്റെ വേഗം കുറഞ്ഞു. തൊട്ടുപിന്നാലെയെത്തിയ ഹൈവേ പോലീസിന്റെ വാഹനം പ്രതികളുടെ വാഹനത്തിനുകുറുകേ നിര്‍ത്തി തടഞ്ഞ് താക്കോല്‍ ഊരിയെടുത്തു.
ഒന്നരക്കോടിയുടെ കവർച്ച: പിടിയിലായവർ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികൾ
കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർന്ന് കേരളത്തിലേക്കുകടന്ന് പിടിയിലായ ആറുപേരും കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ ഒട്ടേറെ ക്രിമിനൽക്കേസുകളിലെ പ്രതികൾ. ഇവരെ വൈദ്യപരിശോധനയ്ക്കുശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. പ്രതികളെ കല്പറ്റ കോടതിയിൽ ഹാജരാക്കിയശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും മഹാരാഷ്ട്ര പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പാലക്കാട് പോലീസും വയനാട്ടിലെത്തിയിരുന്നു.
കേരള പോലീസിന്റെ ചടുലനീക്കമാണ് പ്രതികളെ വലയിലാക്കിയത്. വയനാട്ടിലേക്കുകടന്നെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും വിവരം കൈമാറി. ഇതോടെ പോലീസ് പഴുതടച്ച പരിശോധനതുടങ്ങി. എസ്ഐ ഒ.എസ്. ബെന്നി, ഡ്രൈവർ എസ്‍സിപിഒ പി.എം. സിദ്ദിഖ്, സിപിഒ എബിൻ എന്നിവരാണ് പ്രതികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഹൈവേ പോലീസിനെ സഹായിച്ചു. കല്പറ്റ എസ്ഐ വിമൽചന്ദ്രൻ എസ്ഐ എൻ.വി. ഹരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാരെത്തി പ്രതികളെ അറസ്റ്റുചെയ്തു.