തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയിലെ രണ്ടു ഗ്രന്ഥങ്ങള്‍ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ലൈബ്രറിക്ക് കൈമാറി. ക്ലാസിക്കല്‍ ഭാഷകളുടെ പ്രാധാന്യം കാണിക്കുന്നതിനായി മലയാളത്തിലുള്ള അഞ്ച് മാനുസ്‌ക്രിപ്റ്റുകള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതനുസരിച്ച് പകര്‍പ്പുകളുള്ള 164 ഏടുകളുള്ള കൃഷ്ണഗാഥ, 176 ഏടുകളുള്ള അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണു കൈമാറിയത്.
ഗ്രന്ഥങ്ങളുടെ ഉടമസ്ഥാവകാശം സര്‍വകലാശാലയ്ക്കുതന്നെയാകും. തത്കാലത്തേക്കാണ് ഇവ നല്‍കിയതെന്നും എപ്പോള്‍വേണമെങ്കിലും തിരിച്ചെടുക്കാവുന്ന വ്യവസ്ഥയിലാണിതെന്നും ഗ്രന്ഥപ്പുരയുടെ ഡയറക്ടറും ലൈബ്രറി സയന്‍സ് അധ്യാപകനുമായ ഡോ. ടി.എം. വാസുദേവന്‍ അറിയിച്ചു. ബുധനാഴ്ചയാണ് രാഷ്ട്രപതിഭവനില്‍നിന്ന് പ്രതിനിധി സര്‍വകലാശാലയിലെത്തിയത്. ഇദ്ദേഹവുമായി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനും ഗ്രന്ഥപ്പുര ഉദ്യോഗസ്ഥരും ചര്‍ച്ചനടത്തിയാണ് ഗ്രന്ഥങ്ങള്‍ കൈമാറിയത്.
തീരുമാനം സിന്‍ഡിക്കേറ്റിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. സിന്‍ഡിക്കേറ്റിന്റെ അംഗീകാരമോ നടപടിക്രമങ്ങളോ ഉണ്ടാകാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പതിനൊന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍ ചൂണ്ടിക്കാട്ടി.