ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്തു: പൂട്ടുപൊളിച്ച് കുടുംബത്തെ വീടിന് അകത്ത് കയറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ



പത്തനംതിട്ട: കൊറ്റനാട് മടത്തുംചാലിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്തു. ജപ്തി നിയമ വിരുദ്ധമെന്ന് പരാതി ഉയർന്നു. വീട് നിർമ്മിച്ച സ്ഥലത്തിൻ്റെ മുൻ ഉടമ കേരള ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ വന്നതോടെയാണ് കാര്യങ്ങൾ ജപ്തിയിലേക്ക് നീങ്ങിയത്. ഇതോടെ വഴിയാധാരമായ കുടുംബത്തെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് എത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂട്ടുപൊളിച്ച് കുടുംബത്തെ വീടിന് അകത്ത് കയറ്റി. ആധാരം അടക്കം രേഖകളെല്ലാം വീട്ടുകാരുടെ പക്കൽ ഉണ്ടെന്നും അനധികൃത ജപ്തിയിൽ കേരള ബാങ്ക് മറുപടി പറയണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം വീട് ജപ്തി ചെയ്തത് നിയമപ്രകാരമെന്നാണ് കേരള ബാങ്കിൻ്റെ വിശദീകരണം. കോടതി ഉത്തരവ് അടക്കം വാങ്ങിയാണ് ജപ്തി നടപ്പിലാക്കിയത്. എല്ലാ രേഖകളും കയ്യിലുണ്ടെന്ന് ബാങ്ക് അധികൃതർ പ്രതികരിച്ചു. വായ്പയെടുത്ത വിജയകുമാർ വ്യാജ രേഖ ചമച്ച് മൂന്ന് സെന്റ് സ്ഥലം വിറ്റതാകാമെന്നും ബാങ്ക് അധികൃതർ പറയുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال