തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകണമെന്ന് സർക്കാർ ശുപാർശ നൽകിയിരുന്നു. എന്നാൽ, ഇതിനെതിരേ ആേക്ഷപമുയർന്നു.
തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
കാരണവർ വധക്കേസിൻ്റെ നാൾവഴി
കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ഒടുവില്‍ പുറത്തേക്ക്. 14 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സംസ്ഥാന മന്ത്രിസഭ ഷെറിന് ശിക്ഷായിളവ് അനുവദിച്ചത്. 2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.
ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
ഭാസ്‌കര കാരണവരുടെ ഇളയമകനായ ബിനു പീറ്റര്‍ കാരണവരുടെ ഭാര്യയാണ് ഷെറിന്‍. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കന്‍ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഷെറിന്റെ കുടുംബത്തിന് സാമ്പത്തികപരാധീനതകളില്‍നിന്നുള്ള മോചനംകൂടിയായിരുന്നു.
2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയില്‍ എത്തി. അമേരിക്കയില്‍ ഭാസ്‌കരകാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. അമേരിക്കയില്‍വെച്ച് സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയര്‍ന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തര്‍ക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു.
2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.
ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്‌സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
ശിക്ഷാ കാലാവധിക്കിടെ ജയിലിനു വെളിയിൽ 500 ദിവസം
സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികംതവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഇവർ ജയിലിനു പുറത്തായിരുന്നു. ഉന്നത ഇടപെടലാണ് പരോളിനു പിന്നിലെന്ന ആരോപണവുമുണ്ടായി. കോവിഡ് സമയത്തും ഷെറിൻ മാസങ്ങളോളം പുറത്തുതന്നെയായിരുന്നു.
ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഷെറിനെതിരേ പരാതിയുയർന്നിരുന്നു. ജയിലിലെ വി.ഐ.പി. സന്ദർശനവും വലിയ ചർച്ചയായി. വനിതാ ജയിലിലെ സൗകര്യങ്ങളെച്ചൊല്ലി ഇവർ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി വാർത്തകളുണ്ടായിരുന്നു.
മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലാവധി തുടങ്ങി ഒന്നരവർഷം പിന്നിട്ടപ്പോൾത്തന്നെ പരോൾ നേടിത്തുടങ്ങി. 2016-ൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്ന് കേരളത്തിലെ മറ്റു തടവുകാർക്കൊന്നും പരോൾ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് പരോൾ കിട്ടി. 30 ദിവസത്തെ പരോൾ പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടുകയും ചെയ്തു.
2010 ജൂൺ 11-നാണ് കാരണവർ കൊലക്കേസിൽ വിധിവന്നത്. 2012 മാർച്ച് മൂന്നിന് ഷെറിന് ആദ്യ പരോൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം ജയിലിൽവെച്ചുമാത്രം ഇവർ എട്ടുതവണ പരോൾ നേടി. രണ്ടെണ്ണം അടിയന്തര പരോളായിരുന്നു.
തിരുവനന്തപുരം ജയിലിലായിരിക്കേ ആരോപണങ്ങളെത്തുടർന്ന് വിയ്യൂർ ജലിലിലേക്കു മാറ്റി.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിനെ സ്‌കോർപിയോ കാറിൽ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയതും വിവാദമായിരുന്നു. ആലപ്പുഴ സബ് ജയിലിൽനിന്ന് രണ്ടു വനിതാ പോലീസുകാരുടെ മാത്രം സാന്നിധ്യത്തിൽ ടാക്സിയിൽ കൊണ്ടുപോയത് പോലീസിന്റെ വീഴ്ചയായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നൽകി.
ഷെറിൻ ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലുമായിരുന്നു. ഇവിടെ അനധികൃതമായി ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളുയർന്നു. വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയെങ്കിലും വീണ്ടും ആരോപണങ്ങളുണ്ടായി. പിന്നീട് തിരുവനന്തപുരം വനിതാ ജയിലിലേക്കയച്ചു. ഏറെ വൈകാതെ ശിക്ഷ ഇളവുനൽകേണ്ട തടവുകാരുടെ പട്ടികയിൽ ഷെറിൻ ഇടംപിടിച്ചു.