കാഞ്ഞങ്ങാട്: ദേശീയ പണിമുടക്ക് ദിനത്തില്‍ മകനെയും കൊണ്ട് ആശുപത്രിയില്‍നിന്ന് കാറില്‍ മടങ്ങവെ സിഐടിയു പ്രവര്‍ത്തകര്‍ വഴിതടഞ്ഞ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കും. രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷിനാണ് ബുധനാഴ്ച ദുരനുഭവമുണ്ടായത്. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിക്കാണ് പരാതി നല്‍കുക. വ്യാഴാഴ്ച 'മാതൃഭൂമി'യില്‍ വാര്‍ത്ത കണ്ട് സിപിഎം നേതാക്കളും അനുഭാവികളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അനിഷിനെ വിളിച്ച് കാര്യമന്വേഷിച്ച് ആശ്വസിപ്പിച്ചു.
നാവിന് മുറിവേറ്റ നാലരവയസ്സുള്ള മകന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാഞ്ഞങ്ങാട് നഗരത്തില്‍ ഒരുസംഘം സിഐടിയു പ്രവര്‍ത്തകര്‍ അനീഷിന്റെ കാര്‍ തടഞ്ഞത്. ആശുപത്രിയില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടും സമരക്കാര്‍ ചെവിക്കൊണ്ടില്ല. മുക്കാല്‍ മണിക്കൂര്‍ അനീഷ് റോഡില്‍ കുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരാതിയില്‍ വിശദീകരിക്കും. അനീഷിന്റെ സഹോദരന്‍ മുന്‍ മാക്കി ബ്രാഞ്ച് സെക്രട്ടറി കൂടിയായ പി.പ്രകാശനും പ്രകാശന്റെ ഭാര്യ ഹരിതയും അനീഷിന്റെ ഭാര്യ വിജന്യയും കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു.
ബോധ്യപ്പെടുത്തി വിടാനാണ് പറഞ്ഞിരുന്നത് -മണിമോഹന്‍
സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കാതെ ദേശീയ പണിമുടക്കുമായി സഹകരിക്കണമെന്ന് മൂന്നുമാസം മുന്‍പേ പറഞ്ഞതാണെന്നും അന്ന് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ നിര്‍ത്തിച്ച് ബോധ്യപ്പെടുത്തിയശേഷം വിടാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നും സിഐടിയു കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.മണിമോഹനന്‍ പറഞ്ഞു. ആസ്പത്രി, പത്രം, പാല്‍ എന്നിവയെ ഒഴിവാക്കിയിരുന്നു. ആശുപത്രിയില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ അനീഷിനെ വിട്ടെന്നാണ് മനസ്സിലാക്കുന്നതെന്നും കൂടുതല്‍ സമയം അവിടെ നിര്‍ത്തിച്ചെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.