കീം 2025: റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി


കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന സാധിക്കാത്ത സ്ഥിതിയായി.

പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ ഇതോടെ പട്ടികയ്ക്ക് പുറത്തുപോകും. പ്രവേശന നടപടികളെയടക്കം അവതാളത്തിലാക്കുന്നതാണ് വിധി. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കീം.

മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം. പ്രോസ്പെക്ടസിൽ മാറ്റം വരുത്താമെന്ന വ്യവസ്ഥയുണ്ടെന്നായിരുന്നു സർക്കാർ വാദം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال