പുനലൂര്‍(കൊല്ലം): സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍, ഇളമ്പല്‍ ശ്രീകൃഷ്ണവിലാസത്തില്‍ ശിവപ്രസാദ് (39) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പ്രതി സ്‌കൂളിന്റെ ഇരുമ്പുഗേറ്റുചാടി അകത്തുകടന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നെന്ന് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ അധ്യാപകര്‍ ഫോണില്‍ പകര്‍ത്തി പോലീസില്‍ വിവരമറിയിച്ചു. വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു.