കൊച്ചി: നടന്‍ വിനായകനെതിരേ ഡിജിപിക്ക് പരാതി. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചുവെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതിക്കാരന്‍.
വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. പോസ്റ്റ് അണികളെ പ്രകോപിപ്പിക്കുന്നതാണും അത് ക്രമസമാധാനപ്രശ്‌നമുണ്ടാക്കും എന്നുമാണ് പരാതിയിലെ ഉള്ളടക്കം. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍നിന്ന് വിനായകനെ വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ച സമയത്ത് വിനായകന്‍ അധിക്ഷേപപരാമര്‍ശം നടത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
വി.എസിന്റെ വിയോഗത്തിന് പിന്നാലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനടന്ന അനുസ്മരണ പരിപാടിയില്‍ വിനായകന്‍ പങ്കെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിലും വി.എസിന്റെ മരണത്തിലും നടന്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റുമായി വിനായകന്‍ എത്തിയത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം. വി.എസിന്റെ മരണവുമായി ചേര്‍ത്തായിരുന്നു പോസ്റ്റ്.