കാക്കനാട്(കൊച്ചി): ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്‌സിലൂടെ 'വില്‍പ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ യുവതി അറസ്റ്റില്‍. മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് എല്‍എല്‍പി കമ്പനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
ഒരേ ഫ്‌ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും മാറി മാറി വാടകയ്‌ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്‌ളാറ്റുകള്‍ ഒഎല്‍എക്‌സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകര്‍ഷിക്കും. വന്‍ തുക പണയം വാങ്ങി കരാറുണ്ടാക്കും.
ഒരേ ഫ്‌ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമകളിലൊരാളായ യുവതി കുടുങ്ങിയത്.
കേസില്‍ പ്രതികളുടെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മിന്റു കെ. മാണിയെ നേരത്തേ പിടികൂടിയിരുന്നു. മിന്റുവും മറ്റ് ബ്രോക്കര്‍മാരും ചേര്‍ന്നാണ് ഇരകളെ കണ്ടെത്തുന്നത്.
മലബാര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് എല്‍എല്‍പി കമ്പനിയുടെ മറ്റൊരു ഉടമയായ ആശ ഒളിവില്‍ കഴിയുകയാണ്. ആശയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.