കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍)നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ മുഖ്യപ്രതി ഒഡീഷയില്‍ നിന്ന് അറസ്റ്റിലായി. ഒഡീഷ ദരിഗ്ബാദ് സ്വദേശി അജയ് പ്രഥനെ(33)യാണ് ഡിസിപി ജുവനപ്പടി മഹേഷിന്റെ മേല്‍നോട്ടത്തില്‍ കളമശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയില്‍നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ പിടിയിലായ ഇതര സംസ്ഥാനക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്.
ഒഡീഷയിലെ ഉള്‍പ്രദേശമായ ദരിഗ്ബാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ പ്രദേശത്ത് സുലഭമായി കഞ്ചാവ് കൃഷിയാണ് നടത്തുന്നത്. ഇവിടെനിന്നാണ് കളമശേരി പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് ഈ ഗ്രാമത്തിലേക്ക് എത്തുക ദുഷ്ക്കരമായിരുന്നു. അവിടെനിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ഡിസിപി ജുവനപ്പടി മഹേഷ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഒഡീഷ പോലീസിന്റെ സഹായത്തോടെ സാഹസികമായിട്ടാണ് അജയ് പ്രഥനെ അറസ്റ്റ് ചെയ്തത്.