ഈ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീൽഡിലെ പ്രവർത്തനങ്ങൾ ശക്തമാക്കി. ഫീവർ സർവൈലൻസും തുടരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയെടുത്ത് കൂടുതൽ നിരീക്ഷണം നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാൾ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം.
നിപ സമ്പർക്കപ്പട്ടികയിൽ ആകെ 543 പേരാണ് ഉള്ളത്. അതിൽ 46 പേർ പുതിയ കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറം ജില്ലയിൽ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. 2 പേർ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 62 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36 പേർ ഹൈയസ്റ്റ് റിസ്‌കിലും 128 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.