സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം: 4 പേര്‍ മരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം. വിവിധ അപകടങ്ങളിൽ 4 പേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവൻ നഷ്ടമായി. ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്കയും മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലിൽ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 

നിരവധി പ്രദേശങ്ങളിൽ വീടിന് മുകളിലേക്ക് മരമൊടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. കൊല്ലം പത്തനാപുരം അലിമുക്കിൽ മഴയിലും ശക്തമായ കാറ്റിലും ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. അലിമുക്ക് ജംഗ്ഷനിൽ സിമൻറ് ഇറക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്കാണ് ആഞ്ഞിലിമരം വീണത്. വൈദ്യുതി ലൈനിന് മുകളിലേക്ക് കൂടിയാണ് മരം വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി. പുനലൂർ - മൂവാറ്റുപുഴ പാതയിലാണ് സംഭവം. ശാസ്താംകോട്ടയിൽ കടമുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു. വർഷങ്ങൾ പഴക്കമുള്ള കടളാണ് തകർന്നത്. തുടർച്ചയായ മഴയിൽ വെള്ളം ഇറങ്ങി. കെട്ടിടത്തിൽ വിള്ളലുണ്ടായിരുന്നു. അപകടാവസ്ഥ മനസിലാക്കി ഇന്ന് കട തുറന്നില്ല. അതിനാൽ ആളപായം ഒഴിവായി.

എറണാകുളം എടത്തല പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മണ്ണിടിഞ്ഞു വീണ് വീട് തകർന്നു. പതിമൂന്നാം വാർഡ് കൈലാസ് നഗർ തിരുവല്ലം റോഡിലെ താമസക്കാരനായ ലൈജുവിൻ്റെ വീടാണ് തകർന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന ലൈജു അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയിൽ ശക്തമായ മഴ രാത്രിയിലും തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال