കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയ സംഭവം: കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍



തിരുവനന്തപുരം: എംഎസ്‌സി എല്‍സ3 എന്ന കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.

മേയ് 29-നാണ് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയത്. എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇതിന്റെ പേരില്‍ എംഎസ്‌സി കമ്പനിക്കെതിരെ കേസെടുക്കാമെന്ന രീതിയിലായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍, വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്. കമ്പനിയുമായി നിയമപ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാൽ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.
കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപ്പലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായിരിക്കണം ഇപ്പോള്‍ ഊന്നലെന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന് ഇതു സഹായകരമാകുമെന്നുമാണു യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലക് തയാറാക്കിയ കുറിപ്പിലുള്ളത്.
മേയ് 25-നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. 29-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال