പോക്‌സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം: സ്കൂളിന് വീഴ്ചപറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്



തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായർ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂളിന് വീഴ്ചപറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്. ഉത്തരവാദിത്വത്തിൽനിന്ന് ഹെഡ്മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ല. നടപടികൂടി ശുപാർശചെയ്യാൻ ഡെപ്യൂട്ടി ഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശംനൽകി.

കഴിഞ്ഞദിവസം ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ളോഗറുമായ മുകേഷ് മുഖ്യാതിഥിയായത്. പോക്‌സോ, എക്സൈസ്‌ കേസുകളിലെ പ്രതി സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേത്തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചത്. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.
‘പ്രവേശനോത്സവത്തിന് വാർഡ് കൗൺസിലർ ജാനകി അമ്മാളിനെ മാത്രമാണ് സ്‌കൂൾ ക്ഷണിച്ചത്. സന്നദ്ധസംഘടനയായ ജെസിഐ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌കൂളിൽ പഠനോപകരണങ്ങളും സ്‌കോളർഷിപ്പും വിതരണംചെയ്യുന്നുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മുകേഷ് എം. നായർ വരുമെന്ന് സംഘടന അറിയിച്ചിരുന്നില്ല. സെലിബ്രിറ്റിയായ ഒരാൾ അതിഥിയാവുമെന്ന് മാത്രമാണ് പറഞ്ഞത്. പരിപാടിക്കിടെ അപ്രതീക്ഷിതമായി മുകേഷ് എത്തുകയായിരുന്നു. ആളിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ജെസിഐ തയ്യാറാക്കിയ നോട്ടീസ് കണ്ടിരുന്നില്ല. കുറച്ചു കുട്ടികൾക്കുള്ള പഠനോപകരണ വിതരണം സംഘടനയുടെ നിർദേശപ്രകാരം മുകേഷ് നടത്തി’, എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വിശദീകരണം. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉപജില്ലാ ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ, സ്കൂളിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال