കീവ്: തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെര്‍ച്ച് പാലം യുക്രൈന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തു. തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകര്‍ത്തതെന്ന് യുക്രൈന്‍ സുരക്ഷാസര്‍വീസായ എസ്ബിയു പറഞ്ഞു. പാലം തകരുന്നതിന്റെ വീഡിയോയും എസ്ബിയു പുറത്തുവിട്ടു. എന്നാല്‍, പാലത്തിന്റെ എത്രത്തോളം ഭാഗത്ത് കേടുപാടുണ്ടായെന്നതില്‍ വ്യക്തതയില്ല.
ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഈ പാലം 2022 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയശേഷം ഇത് മൂന്നാം തവണയാണ് യുക്രൈന്‍ ആക്രമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ നാലുമണിക്കൂറോളം പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിര്‍ത്തിവെച്ചിരുന്നു. 2022 ഒക്ടോബറിലുണ്ടായ ആക്രമണത്തില്‍ പാലം ഭാഗികമായി തകര്‍ന്നിരുന്നു. കെര്‍ച്ച് കടലിടുക്കിനു കുറുകെ 19 കിലോമീറ്റര്‍ നീളമുള്ള ഈ റെയില്‍-റോഡ് പാലം യൂറോപ്പിലെ ഏറ്റവും നീളംകൂടിയ പാലമാണ്. 2018 മേയ് 15-ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനാണ് ഉദ്ഘാടനം ചെയ്തത്.
ഞായറാഴ്ച റഷ്യയുടെ സൈബീരിയന്‍ പ്രദേശത്തെ അഞ്ചുവ്യോമതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. 2014-ലെ യുദ്ധത്തിലൂടെയാണ് യുക്രൈനില്‍നിന്ന് റഷ്യ ക്രൈമിയ പിടിച്ചത്.
പുലര്‍ച്ചെ നാലേമുക്കാലോടെയാണ് പാലം തകര്‍ക്കുന്നതിനായി ആദ്യത്തെ സ്‌ഫോടകവസ്തു ഉപയോഗിച്ചത്. അതിനാല്‍ ഒരാള്‍ക്കും പരിക്കേറ്റിരുന്നില്ല. ആയിരത്തിലധികം കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതിനാല്‍ പാലത്തിന്റെ വെള്ളത്തിനടിയിലുള്ള സപ്പോര്‍ട്ട് തൂണുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം ഇതിനായി ബോംബ് നിര്‍മിച്ച ഒരു യുക്രൈന്‍ സ്വദേശിയെ റഷ്യ കസ്റ്റഡിയിലെടുത്തതായും റി്‌പ്പോര്‍ട്ടുണ്ട്.
വളരെ രഹസ്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു ആക്രമണം. വെള്ളത്തിനടിയില്‍വെച്ച് നടത്തിയ ഓപ്പറേഷന്‍ ആദ്യാവസാനംവരെ എസ്ബിയു തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ വാസില്‍ മാലിയുക് നിരീക്ഷിച്ചു. 2022-ലും 2023-ലുമാണ് മുന്‍പ് പാലത്തിനു നേരെ ആക്രമണം നടത്തിയത്. ഇത് രണ്ടും ജലോപരിതലത്തില്‍വെച്ചായിരുന്നെങ്കില്‍ ഇത്തവണ അണ്ടര്‍ വാട്ടര്‍ ഓപ്പറേഷനായിരുന്നു.
മരിച്ക എന്നു പേരുള്ള യുക്രൈന്‍ നിര്‍മിത ആളില്ലാ അന്തര്‍വാഹിനിയാണ് പാലം തകര്‍ത്തതിനു പിന്നിലെന്നാണ് ആരോപണം. അതിവിപുലമായ സംവിധാനങ്ങളും ബഹുലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കഴിവുമാണ് ഇതിന്റെ പ്രത്യേകത. കപ്പലുകള്‍, പാലങ്ങള്‍, തീരദേശ ബങ്കറുകള്‍ തുടങ്ങിയവയെല്ലാം നശിപ്പിക്കാന്‍ സാധ്യമാവുംവിധമാണ് മരിച്കയുടെ രൂപകല്പന. റഡാറിലോ സ്‌കാനറുകളിലോ സോണാര്‍ സംവിധാനങ്ങളിലോ പതിയാതെ വെള്ളത്തിനടിയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് തക്കതായ സമയംനോക്കി ആക്രമിക്കാന്‍ മരിച്കയ്ക്ക് കഴിവുണ്ടെന്ന് ഇത് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നു. സിഗ്നല്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ സ്റ്റാന്‍ഡ്‌ബൈ മോഡില്‍ നിശ്ശബ്ദമായി കാത്തിരിക്കും. സുരക്ഷാ കാരണങ്ങളാല്‍ ഇതിന്റെ പല പ്രത്യേകതകളും പുറത്തുവിട്ടിട്ടില്ല. എങ്കിലും ആറുമീറ്റര്‍ നീളം, ഒരുമീറ്റര്‍ വീതി, ആയിരം കിലോമീറ്റര്‍ വരെ ദൂരപരിധി എന്നീ വിവരങ്ങളെല്ലാം ലഭ്യമാണ്. 2023-ലാണ് യുക്രൈന്‍ ഇത് ആദ്യമായി വിജയകരമായി പരീക്ഷിക്കുന്നത്. മരിച്കയെക്കൂടാതെ മറ്റു കുറഞ്ഞ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ കഴിയുന്ന അന്തര്‍വാഹിനി ഡ്രോണുകളും യുക്രൈന്‍ വികസിപ്പിച്ചിട്ടുണ്ട്.