കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള', എന്ന ചിത്രവുമായി ബന്ധപ്പെട്ട പേരുമാറ്റവിവാദത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. പേരുമാറ്റുക എന്നത് തങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ലെന്ന് പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പേരുമാറ്റാന്‍ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ നോട്ടീസിന് കാത്തിരിക്കുകയാണെന്ന് പ്രവീണ്‍ വ്യക്തമാക്കി.
'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ഇതെഴുതുന്ന ഈ നിമിഷവും ഒരുസിനിമ മാത്രമാണ് എല്ലാവര്‍ക്കും. ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പു കണ്ട ഒരു പത്രവാര്‍ത്തയില്‍നിന്ന് തുടങ്ങിയ യാത്ര ഒരുകൂട്ടം കലാകാരന്മാരുടെ വിയര്‍പ്പും സ്വപ്‌നവും കാത്തിരിപ്പും കൂടിയാണ്. പേര് മാറ്റുക എന്നത് ഞങ്ങളുടെ വിദൂരചിന്തകളില്‍ പോലുമില്ല, സിബിഎഫ്‌സിയുടെ കാരണംകാണിക്കല്‍ നോട്ടീസിന് കാത്തിരിക്കുന്നു.' എന്നായിരുന്നു പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ജൂണ്‍ 27-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. സിനിമയുടേയും കഥാപാത്രത്തിന്റേയും പേരിലെ 'ജാനകി' മാറ്റണമെന്നാണ് കേന്ദ്രസെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. വിശ്വാസത്തെ മുറിവേല്‍പ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യം. പേര് മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും വാക്കാല്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 'ജാനകി' ഹൈന്ദവദൈവത്തിന്റെ പേരാണെന്നും ഹിന്ദുവിശ്വാസവുമായി ബന്ധപ്പെട്ട പേര് സിനിമയ്ക്കിടരുതെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.