ആരാധകര്‍ തങ്ങളില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ മണിരത്‌നം. കമല്‍ഹാസന്‍ നായകനായ 'തഗ് ലൈഫി'ന്റെ മോശംപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മണിരത്‌നത്തിന്റെ പ്രതികരണം. 'നായകന്‍' പോലെ മറ്റൊരു ചിത്രം പ്രതീക്ഷിച്ചവരോട് ഖേദം പ്രകടിപ്പിക്കുന്നതായും ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിരത്‌നം പറഞ്ഞു.
'നായകന്‍ പോലെ മറ്റൊരുചിത്രം പ്രതീക്ഷിച്ചവരോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. വീണ്ടും അങ്ങനെ ഒരു ചിത്രം നിര്‍മിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. പുതിയൊരു അനുഭവം നല്‍കാമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ആരാധകര്‍ മറ്റെന്തോ പ്രതീക്ഷിച്ചു. അതൊരു തെറ്റിദ്ധാരണയായിരുന്നു', എന്നായിരുന്നു മണിരത്‌നത്തിന്റെ വാക്കുകള്‍.
37 വര്‍ഷങ്ങള്‍ക്കുശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിച്ച ചിത്രമായിരുന്നു 'തഗ് ലൈഫ്'. 1987-ലാണ് ഇരുവരും ഒന്നിച്ച 'നായകന്‍' പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകപ്രതീക്ഷ വാനോളമായിരുന്നു.
എന്നാല്‍, ചിത്രം മോശം പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. ഇതുവരെ 60 കോടിയ്ക്കടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. ചിത്രത്തെ സംബന്ധിച്ച് ആരാധകര്‍ കടുത്തനിരാശയാണ് പ്രകടിപ്പിച്ചത്. സിനിമാപ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും ചിത്രത്തില്‍ ഇല്ലെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് സംവിധായകന്റെ ഖേദപ്രകടനം.